രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,846 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,45,582 ആയി ഉയർന്നു. 123 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. ഇതിൽ 639 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹരാഷ്ട്രയിലാണ് കൂടുതൽ (510) രോഗികൾ. ഡൽഹിയാണ് (351) തൊട്ടു പിന്നിൽ. കേരളത്തിൽ 152 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ 3,194 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്, മുംബൈയിൽ 8,063 കേസുകളും റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽ ഞായറാഴ്ച മാത്രം 3,194 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.