സിനിമാതിയേറ്റര്‍, ബാർ അടക്കമുള്ളവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെയും പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.
വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനമുളളൂ. രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുളള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിക്കണം.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.