സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തീയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ക്കിടെ ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും.നിലവിലെ സാഹചര്യം തീയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിപരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയറ്റര്‍ അടച്ചിടണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതഛഗീകരിച്ചിരുന്നില്ല. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതിനിടെ കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് വാക്‌സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ആക്ടീവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.