തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കുന്നു. ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ മതചടങ്ങുകൾക്ക് 50 പേർക്കുമാത്രമാകും അനുമതി.
വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ഉത്സവ സീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ തീരുമാനം
അടുത്ത മൂന്നാഴ്ചക്കാലം കോവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.
ശനിയാഴ്ച 5 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു.
തിരുവനന്തപുരത്ത് 4694 പേർക്കും എറണാകുളത്ത് 2637 പേർക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകരിൽ കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നതും പ്രതിസന്ധിയാവുന്നു.