Friday, November 22, 2024
HomeLatest NewsEducationകോവിഡ് മൂലം അനിശ്ചിതത്വത്തിലായ അധ്യയനവർഷം മേയിൽ തന്നെ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പു.ജനുവരിയിൽ സ്‌കൂൾ തുറക്കാമെന്ന പ്രതീക്ഷ

കോവിഡ് മൂലം അനിശ്ചിതത്വത്തിലായ അധ്യയനവർഷം മേയിൽ തന്നെ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പു.ജനുവരിയിൽ സ്‌കൂൾ തുറക്കാമെന്ന പ്രതീക്ഷ

തൃശ്ശൂർ: കോവിഡ് മൂലം അനിശ്ചിതത്വത്തിലായ അധ്യയനവർഷം മേയിൽ തന്നെ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ആലോചന. എട്ടാം ക്ലാസ് വരെയുള്ള ഓൾ പാസ് സംവിധാനം (എല്ലാവരേയും ജയിപ്പിക്കൽ) ഒമ്പതിലും നടപ്പാക്കുന്നതാണ് ഇതിൽ പ്രധാനം. പ്ലസ് വൺ കുട്ടികൾ പതിവുപോലെ പ്ലസ്ടുവിലേക്ക് പോകുമെങ്കിലും അവരുടെ പരീക്ഷ പിന്നീട് നടത്തിയാൽ മതിയോ എന്ന കാര്യത്തിലും ചർച്ച നടക്കുന്നുണ്ട്. പൊതുപരീക്ഷകളുള്ള 10, 12 ക്ലാസുകളിലെ അധ്യയനത്തിൽ കൂടുതൽ ശ്രദ്ധ നൽകും. വിക്ടേഴ്‌സ് ചാനലിലൂടെ 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ കൂടുതലായി സംപ്രേഷണം ചെയ്യാൻ കൈറ്റ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനവും ഇതാണ്. അധ്യയനവർഷം ഉപേക്ഷിക്കാനുള്ള (സീറോ അക്കാദമിക് ഇയർ) തീരുമാനം വേണ്ടെന്നാണ് ചർച്ചകളിൽ ഉരുത്തിരിഞ്ഞുവരുന്നത്. ഇപ്പോഴുള്ള ക്ലാസുകളിൽ തന്നെ അടുത്ത കൊല്ലവും കുട്ടികളെ ഇരുത്തുന്നതാണ് സീറോ അക്കാദമിക് ഇയർ. എന്നാൽ അത്തരം ഒരു തീരുമാനം എടുത്താൽ അത് സർക്കാരിന് തിരിച്ചടിയാവും എന്ന് വിലയിരുത്തിയിട്ടുണ്ട്. കോവിഡ് മൂലം സ്‌കൂൾ അടച്ചിട്ട ആദ്യനാളുകളിൽ, അടുത്ത മധ്യവേനൽ അവധിക്കാലം കൂടി എടുത്ത് അധ്യയനവർഷം പൂർത്തിയാക്കാം എന്നായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നേക്കുമെന്നതാണ് ഇതിലൊരു പുനരാലോചനയ്ക്ക് ഇടയാക്കിയത്. മാർച്ച് പകുതിക്കു ശേഷം റംസാൻ കാലവും തുടങ്ങും. ഏപ്രിൽ 13-നാണ് ഇക്കുറി റംസാൻ. ജനുവരിയിൽ സ്‌കൂൾ തുറക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ നീങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോവിഡ് വ്യാപനം ഉണ്ടായില്ലെങ്കിൽ മാത്രമായിരിക്കും അത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയെങ്കിലും വന്നാലേ സ്‌കൂൾ തുറക്കുന്ന കാര്യം ആലോചിക്കേണ്ടതുള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ജനുവരിയിൽ സ്‌കൂൾ തുറന്നാലും രണ്ടുമാസം മാത്രമായിരിക്കും അധ്യയനത്തിന് കിട്ടുക. മാർച്ചിൽ പരീക്ഷ നടത്തുകയും വേണം. ഓൺലൈനിലൂടെയുള്ള ക്ലാസുകൾ, മുൻവർഷത്തെ റഗുലർ ക്ലാസുകൾ എത്തിയ ഘട്ടത്തിൽ എത്തിയിട്ടില്ല. സിലബസ് കുറയ്ക്കാത്ത സാഹചര്യത്തിൽ ഈ ചുരുങ്ങിയ സമയംകൊണ്ട് പഠിപ്പിച്ചുതീരില്ല എന്ന വിലയിരുത്തലാണ് ഓൾ പാസ് എന്നതിലേക്ക് ചർച്ചകൾ നീളുന്നത്. എന്നാൽ 10, 12 ക്ലാസുകളിൽ ഇത് നടക്കില്ല. പ്ലസ്ടുവിന്റെ പ്രാക്ടിക്കൽ ക്ലാസുകളും ഉണ്ട്. സ്‌കൂൾ തുറന്നാലും കൂടുതൽ സമയം ഈ കുട്ടികൾക്കു വേണ്ടി ചെലവഴിക്കേണ്ടിവരും. പ്ലസ്ടുവിന്റെ പ്രാക്ടിക്കൽ ക്ലാസുകളിൽ ബിരുദതലത്തിൽ കുട്ടിക്ക് വളരെ അത്യാവശ്യമായവ മാത്രം ഉൾപ്പെടുത്തിയാൽ മതിയോ എന്ന ചർച്ചയും നടക്കുന്നുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments