Pravasimalayaly

സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

തിരുവനന്തപുരം: ഏറെ ആശങ്ക സൃഷ്ടിച്ചു സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി  60 ലേറെ ജീവനക്കാര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയുണ്ടായത്. ഇതേ തുടര്‍ന്നു നിരവധി ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി.
നിയമ- പൊതുഭരണ-ധന വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് കൂടുതലായി കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ധനവകുപ്പിലെ ഡവലപ്‌മെന്റ് ഹാള്‍, ഹൗസിംഗ് സഹകരണ സംഘം അടക്കമുള്ളവ അടച്ചിരുന്നു. ഏതാനും ദിവസം മുന്‍പ് സെക്രട്ടേറിയറ്റ് കാന്റീന്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജീവനക്കാര്‍ വോട്ടു ചെയ്യാനായി കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി കൂട്ടത്തോടെ എത്തിയിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി 3000ത്തോളം ജീവനക്കാരെങ്കിലും എത്തിയിരുന്നു. വോട്ടു ചെയ്യാനായി ജീവനക്കാര്‍ കൂട്ടത്തോടെ എത്തിയത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ചില അജന്‍ഡകളുടെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ വ്യാപക കോവിഡ് വ്യാപനമെന്ന ആരോപണം ഉയര്‍ത്തുന്നതെന്നു ഭരണാനുകൂല സംഘടനകള്‍ ആരോപിക്കുന്നു. കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കൂടുതലായി അനുവദിക്കുന്നില്ല. അത്യാവശ്യക്കാരെ മാത്രമാണു കഴിഞ്ഞ ഏതാനും മാസങ്ങളായി സെക്രട്ടേറിയറ്റില്‍ പ്രവേശിപ്പിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് പരിശോധന കൂട്ടണമെന്നും സെക്രട്ടറിയേറ്റിലെ ഹാജര്‍ 50 ശതമാനമായി പരിമിതപ്പെടുത്തണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version