രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇത് എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ നിലവിലുള്ള കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തോളം സജീവകേസുകള്‍ വീതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.