ന്യൂഡൽഹി: ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ (റീപ്രൊഡക്‌ഷൻ നമ്പർ) ഒന്നിനു മുകളിൽ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി.
കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഇപ്പോൾ ദേശീയതലത്തിൽ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അഞ്ചുശതമാനത്തിൽ താഴെയാണെങ്കിലും നിലവിലെ കണക്ക് വിലയിരുത്തുമ്പോൾ ഇനിവരുന്ന ആഴ്ചകളിൽ രോഗം അതിവേഗം പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗം ശക്തമായാൽ ഒക്ടോബറിൽ ഒന്നരലക്ഷംവരെ പ്രതിദിന കേസുകൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഹൈദരാബാദ്, കാൻപുർ ഐ.ഐ.ടി.കൾ നടത്തിയ പഠനത്തിൽ പറയുന്നത്.
ജൂലായ് 25-നുതന്നെ ദേശീയതലത്തിൽ ആർ-നമ്പർ ഒന്നിനടുത്ത് എത്തിയിരുന്നു. ഒന്നിനു മുകളിലാണ് ആർ-നമ്പറെങ്കിൽ ഒരു രോഗിയിൽനിന്ന് വേറൊരാളിലേക്ക് രോഗം പടരും. കേരളത്തിൽ 1.2 ആണ് ആർ-നമ്പർ. അതായത്, സംസ്ഥാനത്ത് ഒരു രോഗിയിൽനിന്ന് 1.2 ആളിലേക്ക് രോഗം പടരാനിടയുണ്ട്. കേരളത്തിനും വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും പുറമേ ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ആർ-നമ്പർ ഒന്നിനു മുകളിലെത്തി. എട്ടുസംസ്ഥാനങ്ങളിൽ ഇത് ഒന്നിനു മുകളിലായിക്കഴിഞ്ഞു. കർണാടകം, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഒന്നിനടുത്തെത്തി നിൽക്കുകയാണ്. ഫെബ്രുവരിയിൽ രണ്ടാംതരംഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ദേശീയതലത്തിൽ 1.01 ആയിരുന്നു ആർ-നമ്പർ.