Pravasimalayaly

സംസ്‌ഥാനത്ത് ഒരു കോടിയിലധികം വാക്സിൻ നൽകി

സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേർക്ക് ഒന്നാം ഡോസ് വാക്സിനും 50 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേർക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേർക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേർക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 5,20,788 ആരോഗ്യ പ്രവർത്തകർക്ക് ഒന്നും 4,03,698 പേർക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികൾക്ക് ഒന്നും 3,98,527 പേർക്ക് രണ്ടും ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 95,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്സിൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ വാക്സിൻ സ്റ്റോറിലാണ് വാക്സിൻ ആദ്യം എത്തിക്കുന്നത്. റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്നും ജില്ലകളിലെ വാക്സിൻ സ്റ്റോറേജിലേക്ക് നൽകുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളിൽ ഉള്ള വാക്സിൻ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45 നും 60 നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്സിനേഷൻ മാർച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഏപ്രിൽ ഒന്നിന് ആരംഭിച്ചു. 18 നും 45 നും ഇടയ്ക്ക് പ്രായമായവരുടെ വാക്സിനേഷൻ മേയ് മാസത്തിൽ ആരംഭിച്ചു. വാക്സിന്റെ ലഭ്യത കുറവ് കാരണം അനുബന്ധ രോഗമുള്ളവർക്കാണ് ആദ്യ മുൻഗണന നൽകിയത്. 56 വിഭാഗങ്ങളിലുള്ളവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകി വരുന്നു. വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചു. 40 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതൽ വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് ഏജ് ഗ്രൂപ്പുകാരേയും പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്ര വേഗത്തിൽ ഈയൊരു ദൗത്യത്തിലെത്താൻ സഹായിച്ചത് സർക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയപ്പോൾ നമ്മുടെ നഴ്സുമാർ ഒരു തുള്ളി പോലും വാക്സിൻ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി

Exit mobile version