തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ അനാസ്ഥ വീണ്ടും. മിനിറ്റുകളുടെ വ്യത്യാസത്തില്‍ യുവതിക്ക് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒരുമിച്ചെടുത്തതായി പരാതി. മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ശേഷം മറ്റൊരു നഴ്‌സെത്തി, വീണ്ടും യുവതിയെ കുത്തിവയ്കുകയായിരുന്നുവെന്നു പറയുന്നു. ശാരീരികാസ്വാസ്ഥ്യവും കൈയ്ക്കും ശരീരത്തിനും അമിതഭാരവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി ഇവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. നിരീക്ഷണത്തില്‍ ഇവര്‍ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ ഉച്ച കഴിഞ്ഞു താലൂക്ക് ആശുപത്രിയിലെക്കു തന്നെ മാറ്റിയതായി ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ എടുത്തിരുന്നോ എന്നു യുവതിയോടു ചോദിച്ചപ്പോള്‍, എടുത്തില്ലെന്ന മറുപടി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നല്‍കിയതെന്നാണ് താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നത്.