ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിൻ ഫെബ്രുവരിയിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിൽ കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിന്റെ നടപടിക്രമങ്ങൾ നിശ്ചയിച്ചു. ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്ന മുൻഗണനാ വിഭാഗത്തെ സർക്കാർ നിശ്ചയിച്ചു. ഇത് പ്രകാരം മുൻഗണന വിഭാഗത്തിലുള്ള 30 കോടി ആളുകൾക്ക് പ്രാരംഭ ഘട്ടത്തിൽ വാക്സിൻ ലഭിക്കും. നേരത്തെ മുൻഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിരുന്നു. ഒരു കോടി ആരോഗ്യ വിദദ്ധർ, രണ്ട് കോടി മുൻനിര തൊഴിലാളികൾ, ഒരു കോടി പ്രത്യേക പരിഗണ അർഹിക്കുന്നവർ, 50 വയസിന് മുകളിൽ പ്രായമുള്ള 26 കോടി പേർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ആരോഗ്യ മേഖലയിലുള്ളവരിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കും പുറമേ ആശാവർക്കർമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുമുണ്ട്. ശുചീകരണ തൊഴിലാളികൾ, പോലീസ്, സേനാ വിഭാഗങ്ങൾ എന്നിവർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കും. 50 വയസിന് താഴെയുള്ളവരും എന്നാൽ മറ്റ് രോഗങ്ങളുള്ളവരുമാണ് പരിഗണന അർഹിക്കുന്നവർ എന്ന വിഭാഗത്തിൽ വരിക. ഈ വിഭാഗങ്ങൾക്ക് സൗജന്യമായാണ് വാക്സിൽ ലഭിക്കുക. ഗുണഭോക്താക്കളെ ആധാർ വഴി ട്രാക്ക് ചെയ്യും. എന്നാൽ ഇത് നിർബന്ധമല്ല. ആധാർ ഇല്ലാത്തവർക്ക് സർക്കാർ നൽകിയ മറ്റേതെങ്കിലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ഉപയോഗിക്കാൻ സാധിക്കും