Sunday, October 6, 2024
HomeNewsകോവിഡ് രൂക്ഷമാകുന്നതിനിടെ സെക്രട്ടേറിയറ്റിൽ മറ്റൊരു തിരഞ്ഞെടുപ്പിന് സർക്കാർ

കോവിഡ് രൂക്ഷമാകുന്നതിനിടെ സെക്രട്ടേറിയറ്റിൽ മറ്റൊരു തിരഞ്ഞെടുപ്പിന് സർക്കാർ

തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ മറ്റൊരു സഹകരണ സംഘത്തിൽ കൂടി തിരഞ്ഞെടുപ്പിന് സർക്കാർ. സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തിൽ മാർച്ച് 10ന് തിരഞ്ഞെടുപ്പു നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കഴിഞ്ഞ 29 ന് സെക്രട്ടേറിയറ്റ് ക്യാൻറീൻ ഭരണ സമിതി തിരഞ്ഞെടുപ്പിനെത്തുടർന്നാണ് സെക്രട്ടേറിയറ്റിൽ രൂക്ഷമായ കോവിഡ് വ്യാപനമുണ്ടായത്.
ഏതാണ്ട് 4200 ഓളം ജീവനക്കാരാണ് ദർബാർ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയത്. 60 ഓളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ ധന-നിയമ വകുപ്പുകൾ നാലു ദിവസമായി അടച്ചിരിക്കുകയാണ്.

ഹൗസിംഗ് സംഘത്തിൽ ആകെ 4900 വോട്ടർമാരാണുള്ളത്.

ഇതിനിടെ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഹൗസിംഗ് സഹകരണ സംഘം മൂന്നാം തിയതി മുതൽ അടച്ചു.

മറ്റൊരു സൊസൈറ്റിയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘവും ഇന്നലെ മുതൽ അടച്ചു. ഏതാനും ജീവനക്കാർക്ക് ഇവിടെയും കോവിഡ് ബാധിച്ചതിനെത്തുടർന്നാണിത്.

ക്യാൻറീൻ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയവരിൽ ഗണ്യമായൊരു ശതമാനം സെക്രട്ടേറിയറ്റിനു പുറത്തും മറ്റു ജില്ലകളിലെ ഓഫീസുകളിലും ഡപ്യൂട്ടേഷനിലുള്ള ജീവനക്കാരാണ്. സെക്രട്ടേറിയറ്റിൽ കോവിഡ് പടർന്നതോടെ ഈ ജീവനക്കാർ ജോലി ചെയ്യുന്ന ഇതര ഓഫീസുകളിലുള്ളവരും ആശങ്കയിലാണ്.

കോവിഡ് അതിരൂക്ഷമായി പടരുന്നതിനിടെ സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ.ബെൻസിയും ജനറൽ സെക്രട്ടറി ടി. ശ്രീകുമാറും ആവശ്യപ്പെട്ടു. ഇടതു ഭരണം അവസാനിക്കുന്നതിനു മുമ്പ് സർക്കാർ സ്വാധീനമുപയോഗിച്ച് സൊസൈറ്റി കൃത്യമമാർഗത്തിൽ പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രണ്ടര വർഷമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിലുള്ള സംഘത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടു കൂടി ധൃതി പിടിച്ച് തിരഞ്ഞെടുപ്പു നടത്തുന്നത്. ജീവനക്കാരുടെ ജീവന് സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നത്. ഇത് തീക്കളിയാണെന്നും മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു വിജ്ഞാപനം അടിയന്തിരമായി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി, സഹകരണ സംഘം രജിസ്ട്രാർ തുടങ്ങിയവർക്ക് നിവേദനം നൽകി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments