കോണ്‍ഗ്രസ് അനുകൂല പ്രതികരണത്തില്‍ ബിനോയ് വിശ്വം എംപിക്ക് എതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി ദേശീയതലത്തില്‍ ബിജെപിക്ക് എതിരെ ഒരു ബദല്‍ സാധ്യമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെങ്കിലും പ്രതികരണം അനവസരത്തിലാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.മുല്ലക്കര രത്‌നാകരും സി ദിവാകരനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ഇപ്പോള്‍ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതാണ്.പ്രത്യേകിച്ച് തൃക്കാക്കരയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ഇടതുമുന്നണിയെ മോശമായി ബാധിക്കുമെന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസുമായി യോജിക്കണമെന്ന് പറഞ്ഞിട്ടില്ലെങ്കിലും കോണ്‍ഗ്രസ് വേദിയില്‍ പോയി ഇക്കാര്യം പറഞ്ഞത് അപക്വവും അനവസരത്തിലുള്ളതുമാണെന്നാണ് വിമര്‍ശനം.
ഇടതുപക്ഷത്തിന് മേല്‍ക്കൈ ഇല്ലാത്ത ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ നടത്തിയ പ്രതികരണം കോണ്‍ഗ്രസിന് ഗുണംചെയ്യുന്ന തരത്തിലുള്ളതാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതേസമയം, വിമര്‍ശനത്തോട് പ്രതികരിക്കാന്‍ ബിനോയ് വിശ്വമോ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ തയ്യാറായില്ല.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.