‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സിപിഐ

0
40

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇത് മുന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതിയാണ്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ആഭ്യന്തര വകുപ്പിനെതിരെയും ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. പൊലീസിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ ഇന്നലെ പ്രതിനിധികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്നായിരുന്നു വിമര്‍ശം. പൊലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.

42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിന് കെ കരുണാകരന് പോലും ഇത്രയും അകടമ്പടി ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply