Pravasimalayaly

ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണം’; അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം. ഇന്നലെ ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ ആവശ്യപ്പെട്ടു.നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാനുള്ള അനുനയ ചര്‍ച്ചക്കിടെ രാജ് ഭവനില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. ഗവര്‍ണര്‍ ഭരണഘടന ബാധ്യത നിര്‍വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവര്‍ണര്‍ തുറന്നിടിച്ചു. നിയമനത്തിന്റെ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.പേഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളില്‍ ചര്‍ച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയര്‍ന്നു. ഒടുവില്‍ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെന്റിലും തിരിക്കിട്ട ചര്‍ച്ചകള്‍. ഒടുവില്‍ ഗര്‍ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

Exit mobile version