Saturday, November 23, 2024
HomeLatest Newsകെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍ ...

കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍ സി പി ഐ മന്ത്രിമാര്‍

തിരുവനന്തപുരം: സി പി ഐയുടെ നാല് മന്ത്രിമാരെയും ഡപ്യൂട്ടി സ്പീക്കറേയും നിശ്ചയിച്ചു. എം എന്‍ സ്മാരകത്തില്‍ ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവും ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സംസ്ഥാന കൗണ്‍സിലുമാണ് തീരുമാനം എടുത്തത്.
അഡ്വ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചു റാണി, അഡ്വ ജി ആര്‍ അനില്‍ എന്നിവരാണ് പുതിയ സി പി ഐ മന്ത്രിമാര്‍. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാറിനേയും നിശ്ചയിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദീകരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
1957ല്‍ സി പി ഐയെ പ്രതിനിധീകരിച്ച് കെ ആര്‍ ഗൗരിയമ്മ മന്ത്രിയായ ശേഷം സി പി ഐക്ക് ഒരു വനിതാ മന്ത്രിയുണ്ടാകുന്നത് ഇത് ആദ്യമാണ്. മന്ത്രിസഭയിലെ നാലുപേരും പുതുമുഖങ്ങളാണ്. അഡ്വ കെ രാജന്‍ , പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും, അഡ്വ ജി ആര്‍ അനിലും ചിറ്റയം ഗോപകുമാറും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ്.
ജെ ചിഞ്ചുറാണി ചടയമംഗലം
സിപിഐ ദേശീയ കൗണ്‍സില്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, സി അച്യുതമേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ബാലവേദിയിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. സ്‌കൂള്‍കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസ കാലത്ത് തന്നെ എഐഎസ്എഫ് പ്രവര്‍ത്തകയായിരുന്ന അവര്‍ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍, ജില്ലാപഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: ഡി സുകേശന്‍ സിപിഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. മക്കള്‍: നന്ദു സുകേശന്‍, നന്ദനാ റാണി.

അഡ്വ കെ രാജന്‍ഒല്ലൂര്‍
അന്തിക്കാട് പുളിക്കല്‍ സ്വദേശി. അന്തിക്കാട് ഗവ. എല്‍പി, ഹൈസ്‌കൂളിലും പ്രാഥമിക പഠനം. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി, ചടയംമുറി സ്മാരകത്തിലെ കെ ജി കേളന്‍ ഗ്രന്ഥശാല എന്നിവയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗംത്ത് ഇറങ്ങിയത്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബിഎസ് സിയും നേടി. ഈ കാലഘട്ടത്തിലാണ് എഐഎസ്എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറി, യുവജന ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമ ബിരുദം നേടി. തൃശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും, പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥി യുവജന സമരമുഖങ്ങളില്‍ കൊടിയ പൊലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി, ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. എഐഎസ്എഫ് എഐവൈഎഫ് ജില്ലാ സംസ്ഥാന സെക്രട്ടറിയായിരുന്നു. നിലവില്‍ എഐവൈഎഫ് ദേശീയ സെക്രട്ടറിയും, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ സിറ്റിങ്ങ് എംഎല്‍എയായ രാജന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്നു.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മൂവാറ്റുവുഴ തൃക്കളത്തൂര്‍ പുതുച്ചേരിയില്‍ അനുപമയാണ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്) ഭാര്യ.

പി പ്രസാദ് ചേര്‍ത്തല

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി പ്രസാദ് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. എഐഎസ്എഫിലൂടെയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. നൂറനാട് സിബിഎം ഹൈസ്‌കൂളിലും പന്തളം എന്‍എസ്എസ് കോളജിലും പഠിക്കുമ്പോള്‍ എഐഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായി.
എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്, എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും ഈ 51 കാരന്‍ കഴിവ് തെളിയിച്ചു. 2006 ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരും ആയിരുന്നു. ഒട്ടേറെ പരിസ്ഥിതി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പി പ്രസാദിന് കഴിഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് ആരംഭം കുറിച്ചത് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന പി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. സിപിഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി റഷ്യ, ക്യൂബ, നേപ്പാള്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ഥി യുവജന സമരങ്ങളെ മുന്നില്‍നിന്ന് നയിച്ച പി പ്രസാദ് ഒട്ടേറെ തവണ പൊലീസ് മര്‍ദനത്തിന് ഇരയായി. 34 ദിവസത്തോളം ജയില്‍വാസവും അനുഭവിച്ചു. മികച്ച പ്രാസംഗികനുമാണ്. ലൈനയാണ് ഭാര്യ. ഭഗത്, അരുണ അല്‍മിത്ര എന്നിവര്‍ മക്കളാണ്.

അഡ്വ ജി ആര്‍ അനില്‍ നെടുമങ്ങാട്

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. ജി ആര്‍ അനില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവുകൂടിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തി. എഐഎസ്എഫ്എഐവൈഎഫ്കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടുക്കാട് സാല്‍വേഷന്‍ ആര്‍മി എല്‍ പി സ് കൂളിലും കൃഷ്ണപുരം യുപിഎസിലും എസ്എംവി ഹൈസ ്കൂളിലും എം ജി കോളജില്‍ പ്രീഡിഗ്രിയും യൂണിവേഴ്‌സിറ്റി കോളജില്‍ ബി എ പൊളിറ്റിക് സ് ബിരുദവും ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടിയുണ്ട്.
വിദ്യാര്‍ത്ഥിയുവജന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പലതവണ പൊലീസ് മര്‍ദ്ദനവും മൂന്നുതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. പത്തുവര്‍ഷക്കാലം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയിരുന്നു. അഞ്ച് വര്‍ഷം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഏറ്റവും നല്ല കൗണ്‍സിലര്‍ക്കുള്ള എസിവി ചാനലിന്റെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. തിരുവനന്തപുരം കൈമനത്താണ് താമസം. മുന്‍ എംഎല്‍എയും വര്‍ക്കല എസ് എന്‍ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡോ. ആര്‍ ലതാദേവിയാണ് ഭാര്യ. മകള്‍: അഡ്വ. ദേവിക എ എല്‍, മരുമകന്‍: മേജര്‍ എസ് പി വിഷ്ണു. ചെറുമകള്‍: അനുഗ്രഹ.

ചിറ്റയം ഗോപകുമാര്‍ അടൂര്‍

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, രണ്ട് തവണയായി അടൂരിനെ നിയമസഭയില്‍പ്രതിനിധീകരിക്കുന്നു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബാലവേദി, എഐഎസ്എഫ് പ്രവര്‍ത്തകനായി തുടക്കം. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം. തുടര്‍ന്ന് എഐവൈഎഫിലും എഐടിയുസി യിലും പ്രവര്‍ത്തനം. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹി. ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് അടൂര്‍ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
1995 ല്‍ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സ്‌റ്റേറ്റ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഭാര്യ: സി ഷെര്‍ളി ബായി. മൂത്ത മകള്‍ അമൃത എസ് ജി അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറര്‍ ആണ്. ഇളയ മകള്‍ അനുജ എസ് ജി തിരുവനന്തപുരം ഗവ: ലോ കോളേജില്‍ എല്‍ എല്‍ ബി വിദ്യാര്‍ത്ഥി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments