Pravasimalayaly

ലോകായുക്ത ഓര്‍ഡിനന്‍സ്: രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്ന് സിപിഐ

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിലപാട് അറിയിച്ച് സിപിഐ. ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. “നിയമസഭ കൂടാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിനും ഇത് ആലോചിച്ച ആള്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. അതാണ് നിലവിലെ വിവാദത്തിന്റെ അടിസ്ഥാനം. നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെപ്പറ്റി അഭിപ്രായം പറയാന്‍ അവസരമുണ്ടാകും. അത് നിഷേധിക്കപ്പെട്ടു. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല,” കാനം വ്യക്തമാക്കി.

ലോകായുക്ത ഓര്‍ഡിനന്‍സ് തീരുമാനം മന്ത്രിസഭയുടേതാണെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. “നിയമത്തിലെ 12, 12(1), 14 വകുപ്പുകള്‍ കൂട്ടിയോജിപ്പിക്കാത്ത ഒരു പ്രശ്നമുണ്ട്. ഔപചാരികമായുള്ള പ്രമേയം മാറ്റണമെന്ന അഭിപ്രായമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. അത് ആരുടേയും അധികാരത്തെ ചൂഴ്ന്നെടുക്കാനല്ല. ആവശ്യമെങ്കില്‍ ഒരു ചര്‍ച്ച നടത്താവുന്നതാണ്. ഏതെങ്കിലും വിഭാഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയെടുത്ത തീരുമാനമല്ല ഇത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version