Pravasimalayaly

സെക്രട്ടറിയുടെ ജില്ലയിൽ ഒരു സീറ്റിൽ ഒതുങ്ങുമോ സിപിഐ?

സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ലയായ കോട്ടയത്ത് സിപിഐ ഒരു സീറ്റിൽ ഒതുങ്ങുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ. പാർട്ടി മത്സരിച്ചു ജയിച്ചുവന്ന വൈക്കം മാത്രമാണ് ലഭിയ്ക്കുമെന്ന് ഉറപ്പുള്ള സീറ്റ്. സെക്രട്ടറിയുടെ നിയോജക മണ്ഡലം കൂടിയായ കാഞ്ഞിരപ്പള്ളി ജോസ് കെ മാണി വിഭാഗം വന്നതോടെ സിറ്റിംഗ് എം എൽ എയ്ക്ക് സീറ്റ് നൽകേണ്ട സ്‌ഥിതി ആണുള്ളത്.

സംവരണ സീറ്റ് കൂടിയായ വൈക്കത്ത് മാത്രം ഒതുങ്ങാൻ ജില്ല ഘടകം ആഗ്രഹിയ്ക്കുന്നില്ല. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുമ്പോൾ പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ വിട്ടുകിട്ടണമെന്ന ആവശ്യം ജില്ല നേതൃത്വം ഉന്നയിച്ചുകഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസുകൾ മത്സരിച്ചുവരുന്ന ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുവാൻ ജോസ് കെ മാണി വിഭാഗം നേതാക്കൾ തയ്യാറെടുപ്പിലുമാണ്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും സജീവമായി കഴിഞ്ഞു. അതിനാൽ തന്നെ കോട്ടയം ജില്ലയിൽ ഒരു സീറ്റിൽ ഒതുങ്ങുമെന്ന ആശങ്കയിലാണ് ജില്ല നേതൃത്വം. കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്താൽ കൊല്ലത്തോ തൃശൂരോ ജയസാധ്യതയുള്ള സീറ്റ് എന്നതാണ് സംസ്‌ഥാന നേതൃത്വത്തിന്റെ ആവശ്യം

Exit mobile version