Pravasimalayaly

ചെങ്കടലായി കണ്ണൂര്‍; സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു

പാര്‍ട്ടി പിറന്ന മണ്ണിനെ ചെങ്കടലാക്കി സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. എതിരഭിപ്രായങ്ങളില്ലാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന സീതാറാം യെച്ചൂരി സമാപന ചടങ്ങിലെ പൊതുസമ്മേളം ഉദ്ഘാടനം ചെയ്തു. ‘പിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ എനിക്ക് മലയാളം അറിയില്ല, മാതൃഭാഷ തെലുങ്കാണ്. ഇംഗ്ലീഷില്‍ സംസാരിക്കാം’ എന്ന ആമുഖത്തോടെയാണ് സീതാറാം യെച്ചൂരി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

‘സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ് ഈ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി കോണ്‍ഗ്രസിനെ ഇത്രയും ആവേശത്തോടെ സ്വീകരിച്ച കണ്ണൂരിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഈ ജനങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസിനെ മഹാവിജയമാക്കി മാറ്റിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി.ബിക്ക് വേണ്ടിയും നേതൃത്വത്തിന് വേണ്ടിയും ഈ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്ര ദൗത്യങ്ങളാകെ ഏറ്റെടുക്കാന്‍ കഴിയുന്ന അതിരുകളില്ലാത്ത ആത്മവിശ്വാസം പകര്‍ന്നുനല്‍കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞു.

അതിനിടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. ‘മാധ്യമങ്ങള്‍ പലതും എഴുതി, പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാളും കേരളവും രണ്ട് ചേരിയാണെന്ന്. ബംഗാളും കേരളവും ഒന്നാണെന്ന് സമ്മേളനം തെളിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയം ഒരു തര്‍ക്കവുമില്ലാതെ സമ്മേളനം പാസാക്കി’. അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പാസാക്കി, ചര്‍ച്ചകള്‍ നടന്നു, അതില്‍ ഐക്യകണ്ഠേന തീരുമാനങ്ങളെടുത്തു. അത്തരം തീരുമാനങ്ങളില്‍ വ്യക്തത വരുത്താനായി എന്നതാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകതകളിലൊന്ന്. മാധ്യമങ്ങള്‍ വിചാരിച്ച ഒരു കാര്യവും ഇവിടെ നടന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്’. കോടിയേരി പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ‘സിപിഐഎം വിരുദ്ധരെ’യും മാധ്യമങ്ങളെയും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സിപിഐഎമ്മില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി. ഇത്തരക്കാരെ വിശ്വസിക്കുന്ന രീതിയില്‍ നിന്ന് ജനങ്ങള്‍ മാറിയെന്നും പിണറായി വിജയന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, തപന്‍സെന്‍, നീലോല്‍പല്‍ ബസു, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ വിജയരാഘവന്‍, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. എസ്. രാമചന്ദ്രന്‍പിള്ള, ബിമന്‍ബോസ്, ഹനന്‍മൊള്ള എന്നിവര്‍ പിബിയില്‍ നിന്നൊഴിവായി.

85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പിബിയെയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.കേന്ദ്ര കമ്മിറ്റിയിലെ 17 പേര്‍ പുതുമുഖങ്ങളില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍. പുതുതായി മൂന്ന് വനിതകളെയും ഉള്‍പ്പെടുത്തി. കേരളത്തില്‍നിന്ന് എസ് ആര്‍ പിക്ക് പുറമേ വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായി.

പോളിറ്റ് ബ്യൂറോയില്‍ ആദ്യദളിത് സാന്നിധ്യമായി ബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം പിബിയിലെത്തി. 1989 മുതല്‍ ബംഗാളിലെ ബിര്‍ഭൂം മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാമചന്ദ്ര ഡോം.

Exit mobile version