2024-ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിടാൻ സിപിഎം. ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും രംഗത്തിറങ്ങും. പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായിട്ടാവും മന്ത്രിമാരുടേയും പിബി അംഗങ്ങളുടേയും ഭവന സന്ദർശനം.
ജനുവരി ഒന്ന് മുതൽ 21 വരെയാണ് ഭവന സന്ദർശം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭവനസന്ദർശനം നടത്തി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി .യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തുവിടാൻ സി പി എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പഴയ നിലപാട് മറച്ചുവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും സിപിഎം വിലയിരുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുവെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയത് മികച്ച ഇടപെടലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു. വലിയ ക്രമസമാധാന പ്രശ്‌നമുണ്ടായേക്കാവുന്ന സമരം സർക്കാർ നല്ല നിലയിൽ അവസാനിപ്പിച്ചെന്നും നേതൃയോഗം വിലയിരുത്തി.