Saturday, November 23, 2024
HomeNewsKerala'ഒരു വിധത്തിലും അംഗീകരിക്കാനാവില്ല': കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം

‘ഒരു വിധത്തിലും അംഗീകരിക്കാനാവില്ല’: കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആര്‍എസ്എസ്  നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത്  സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പ്രസ്താവനയില്‍ പറയുന്നു. 

കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിരുന്നു. 

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. ‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയര്‍ അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും’. മേയര്‍ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്.

അതേസമയം വിവാദത്തില്‍ വിശദീകരണവുമായി മേയര്‍ ബീനാഫിലിപ്പ് രംഗത്തെത്തി. വിവാദം ദുഃഖകരമാണ്. അമ്മമാരുടെ കൂട്ടായ്മയിലാണ് പങ്കെടുത്തത്. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷകസംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കരുതണമെന്നാണ് പറഞ്ഞത്. ശിശുപരിപാലനത്തെക്കുറിച്ചാണ് പറഞ്ഞത്. പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും ബീനാ ഫിലിപ്പ് വിശദീകരിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments