ബാങ്കിലെ പണം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചു,ഇതിലൂടെ നേതാക്കള്‍ സ്വത്ത് വാരിക്കൂട്ടി; വായ്പ നല്‍കാന്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍ നിര്‍ബന്ധിച്ചുവെന്ന്‌സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി

0
31

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രിക്കും പങ്കുണ്ടെന്ന് മുന്‍ സിപിഎം പ്രാദേശിക നേതാവിന്റെ ആരോപണം. വായ്പ നല്‍കാന്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍ നിര്‍ബന്ധിച്ചുവെന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു. ബാങ്കിലെ പണം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചു. ആദ്യം ഇതിലൂടെ നേതാക്കള്‍ സ്വത്ത് വാരിക്കൂട്ടിയെന്നും സുജേഷ് ആരോപിച്ചു.

തുടര്‍ന്ന് ബിസിനസിന്റെ വ്യാപ്തി കൂട്ടി. കരുവന്നൂര്‍ സഹകരണ ബാങ്ക് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അവരുടെ സ്ഥാപനത്തില്‍ നിന്നും മാത്രം സാധനങ്ങള്‍ എത്തിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. ലാഭം കൂടിയപ്പോഴും ബാങ്കില്‍ നിന്നും എടുക്കുന്ന പണത്തിന്റെ അളവും കൂടിയെന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞു. കരുവന്നൂര്‍ രക്ഷാപാക്കേജില്‍ ലഭിച്ച ഫണ്ടില്‍ നിന്ന് സിപിഎം ബന്ധമുള്ളവര്‍ക്ക് പണം മുഴുവന്‍ നല്‍കി. ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്റെ മകളുടെ ഭര്‍ത്താവിന്റെ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിച്ചു. പ്രതികള്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനം വളരെ വലുതാണ്.

ബാങ്ക് പ്രസിഡന്റിന്റെ വീടിന് തൊട്ടടുത്ത് കട നടത്തുന്ന പ്രകാശന്‍ എന്നയാളുടെ മകളുടെ കല്യാണത്തിന് പണം കിട്ടുന്നതിന് വളരെ പ്രയാസമാണ് നേരിട്ടത്. ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ ഇടപെട്ടതിന് തനിക്കുനേരെ വധഭീഷണി വരെ ഉണ്ടായി. ഇതില്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍, പരാതി ഒതുക്കി തീര്‍ക്കുന്നതിന് മുന്‍മന്ത്രിയുടെ അടുത്തുനിന്നുപോലും ഇടപെടലുണ്ടായി. പൊലീസിലെ ചില ഉദ്യോഗസ്ഥരാണ് തന്നോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണസമിതി യോഗം ചേര്‍ന്നശേഷം മിനുട്ട്സ് ബ്ലാങ്ക് ആയി സ്പേസ് ഇട്ടശേഷം സുനില്‍കുമാര്‍ അതില്‍ എഴുതിചേര്‍ത്ത് തട്ടിപ്പു നടത്തിയിട്ടുണ്ട്. അതിന്റെയെല്ലാം ഡീറ്റെയില്‍സ് കയ്യിലുണ്ട്. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കെതിരെ പ്രതികരിച്ചതിന് യാതൊരു വിശദീകരണവും തേടാതെ തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞു.

Leave a Reply