‘ഭരണത്തിനു വേഗം പോരാ… പോലീസിനു പ്രിയം ആര്‍.എസ്.എസിനോട്’; സി.പി.എം ജില്ലാ സമ്മേളനങ്ങില്‍ വിമര്‍ശനം

0
334

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകുന്നില്ലെന്നും പ്രഗത്ഭരായ ഉദ്യോഗസ്ഥരെ സര്‍ക്കാരിനൊപ്പം കൂട്ടി ഭരണത്തിന്റെ വേഗത വര്‍ധിപ്പിക്കണമെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മിക്ക മന്ത്രിമാരുടെയും പ്രവര്‍ത്തനം ശരാശരിക്കും താഴെയാണ്. മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് കൂടുതല്‍ ജനകീയമാകണം. പാവങ്ങളുടെ ആവശ്യവും പറഞ്ഞു മന്ത്രി ഓഫീസിലെത്തിയാല്‍ വിപരീതമാണു ഫലം.

എംഎല്‍എയായാലും പാര്‍ട്ടി നേതാക്കള്‍ക്കായാലും ഇതാണു സ്ഥിതി. ഇതിനു മാറ്റം വന്നില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെറുക്കുന്ന അവസ്ഥ വരുമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. പോലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ദിനംപ്രതി ഉണ്ടായിട്ടും തിരുത്തിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയാണു പോലീസ് വകുപ്പ് ഭരിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പോകുന്നതിനേക്കാള്‍ സ്വീകാര്യത മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചെന്നാല്‍ ലഭിക്കുന്നുണ്ട്.

ആര്‍എസ്എസിനു വലിയ സ്വീകാര്യതയാണു പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. പാര്‍ട്ടി ഭരിക്കുന്‌പോള്‍ ആര്‍എസ്എസിനോടു പോലീസ് കാണിക്കുന്ന സ്‌നേഹം അവസാനിപ്പിക്കണം. ഇതിനു മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍കൈയെടുക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ഗൗരവത്തോടെ കാണണമെന്നു വി.കെ.പ്രശാന്ത് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞു. കോര്‍പറേഷനില്‍ ബിജെപി ഇപ്പോള്‍ മുഖ്യ പ്രതിപക്ഷമാണ്.

പട്ടികജാതി ഫണ്ട് തട്ടിപ്പും നികുതി വെട്ടിപ്പുമൊക്കെ നടന്നിട്ടും അതിന്റെ ഗൗരവത്തിലുള്ള അന്വേഷണം സര്‍ക്കാര്‍ തലത്തിലോ പാര്‍ട്ടി തലത്തിലോ ഉണ്ടായില്ല. നികുതി വെട്ടിപ്പു കേസില്‍ പ്രതിഭാഗത്തുള്ളത് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യൂണിയനില്‍ പെട്ടവരാണ്. കോര്‍പറേഷന്‍ ഭരണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം കുടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും പ്രശാന്ത് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവെ അഭിനന്ദിച്ചെങ്കിലും നേതാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന വിഭാഗീയത ജില്ലയിലെ പാര്‍ട്ടിക്കു ഗുണകരമല്ലെന്നു പറഞ്ഞു.

എന്നാല്‍ നേതാക്കളുടെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കാനൊന്നും പ്രതിനിധികള്‍ തയ്യാറായില്ല. ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധികള്‍ നേതാക്കളുടെ പേരു കൂടി വ്യക്തമാക്കിയിരുന്നൂവെങ്കില്‍ തിരുത്താന്‍ എളുപ്പമായേനെയെന്നു വ്യക്തമാക്കി. ഒരു കാരണവശാലും പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്നു പറഞ്ഞ കോടിയേരി പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലയില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനം ശക്തിയാര്‍ജിക്കുകയാണെന്നും ആര്‍എസ്എസിനെപ്പോലെ തന്നെ എസ്ഡിപിഐയും ആപത്താണെന്നു ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം വസ്തുത തന്നെയാണെന്നു കോടിയേരിയും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയേയും ജില്ലാ കമ്മിറ്റിയേയും ഇന്നു തെരഞ്ഞെടുക്കും. വൈകുന്നേരം നാലുമുതല്‍ വെര്‍ച്വലായി ചേരുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply