Pravasimalayaly

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും, പാലക്കാട് ഇ.എന്‍ സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാകും

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. മൂന്ന് ദിവസമായി തുടരുന്ന ജില്ലാ സമ്മേളനമാണ് സുദേവനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മറ്റിയില്‍ 16 പുതുമുഖങ്ങളുണ്ട്. 12 പേര്‍ ഒഴിവായി. സംസ്ഥാനസമിതി അംഗങ്ങളായ കെ സോമപ്രസാദ് എംപി, കെ രാജഗോപാല്‍ എന്നിവര്‍ ഒഴിവായവരില്‍ ഉള്‍പ്പെടുന്നു. എം നൗഷാദ് എംഎല്‍എ, ഐഷ പോറ്റി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്ആര്‍ അരുണ്‍ ബാബു, ചിന്താ ജെറോം തുടങ്ങി 12 പേരാണ് പുതിയ അംഗങ്ങള്‍.

നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ സുദേവന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും കാപ്പെക്സ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു. 1995 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കെഎന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് സുദേവന്‍ സെക്രട്ടറിയാകുന്നത്

അതേസമയം ഇ. എന്‍ സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ചിറ്റൂര്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ഇ.എന്‍ സുരേഷ് ബാബു. കെ ബിനുമോള്‍, എംഎല്‍എമാരായ കെ.ശാന്തകുമാരി, പി.പി സുമോദ്, ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍, കെ.നന്ദകുമാര്‍, സി.കെ ചാമുണ്ണി എന്നിവരും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കമ്മിറ്റിയില്‍ നിന്ന് 14 പേരെ ഒഴിവാക്കി.

Exit mobile version