തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

0
34

തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

പ്രസ്താവന

തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണം. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാന വുമില്ലാത്ത കാര്യങ്ങളുന്നയിച്ച്‌ നിരന്തരമായി ആക്ഷേപിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സൊണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോ?

ഇത്‌ കോണ്‍ഗ്രസ്‌ തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. നയതന്ത്ര സ്വര്‍ണ്ണക്കടത്ത്‌ കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന്‌ പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ്‌ പത്രസമ്മേളനം നടത്താത്തതെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്‌. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ്‌ വ്യക്തമാകുന്നത്‌. കോണ്‍ഗ്രസിനകത്തുള്ള പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കാനാണ്‌ മുഖ്യമന്ത്രിക്ക്‌ നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നതെങ്കില്‍ അതൊന്നും ഫലിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ ജനം നേരിട്ട്‌ കണ്ടുകൊണ്ടിരിക്കുകയാണ്‌. അത്‌ ആര്‍ക്കും മൂടി വയ്‌ക്കാനാവില്ല. നേതാക്കള്‍ക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള പാര്‍ടി തന്നെയാണ്‌ സിപിഐ എം
എന്നത്‌ മറക്കരുത്‌. പക്ഷെ, ഞങ്ങളുടെ രീതി അതല്ല. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌ എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണം. സിപിഐ എം നേതാക്കള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ വ്യക്ത്യാധിക്ഷേപങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും പ്രതിഷേധം ഉയര്‍ത്തണം.

  • സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

Leave a Reply