ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ പി ജയരാജന്‍, എ കെ ബാലന്‍; പുത്തലത്ത് ദിനേശന് പകരം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി;എല്ലാ തീരുമാനവും സിപിഎം സംസ്ഥാന നേതൃയോഗത്തില്‍

0
26

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ അടുത്തയാഴ്ച ചേരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയും. വിജയരാഘവന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാലാണ് സ്ഥാനം ഒഴിയുക.

പകരം ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മുതിര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനെ സിപിഎം പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് മാറ്റിയേക്കും. ദേശാഭിമാനി പത്രാധിപരായേക്കും. നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് ദേശാഭിമാനി പത്രിധിപരുടെ ചുമതലയും നിര്‍വഹിക്കുന്നത്.

പുത്തലത്ത് ദിനേശന് പകരം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സമിതിയിലെത്തിയ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. പിണറായി വിജയന്റെ വിശ്വസ്തനാണ് എന്നതും ശശിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മുമ്പ് ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഎംഎസ് അക്കാദമി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, മറ്റ് വര്‍ഗ ബഹുജന സംഘടനകളുടെ പുതിയ ചുമതലക്കാരെയും ഉടന്‍ നിശ്ചയിക്കും.

Leave a Reply