ദീപുവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, ട്വന്റി 20 നാടകം കളിക്കുന്നുവെന്ന് സിപിഎം

0
270

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഒറ്റപ്പെട്ടതോടെ താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ട്വന്റി 20 ഉപയോഗിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ബി. ദേവദർശൻ ആരോപിച്ചു.

ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണ്. സിപിഎമ്മിന് ദീപുവിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദേവദർശൻ തള്ളിക്കളഞ്ഞു.

സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നാല് സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു

Leave a Reply