ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യമില്ല, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍

0
584

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് തീയതികള്‍ പ്രഖ്യാപിച്ചു. കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസമായിട്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. ഹൈദരാബാദില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു.

അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗീകാരം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്നാണ് രാഷ്ട്രീയ പ്രമേയം. ബി ജെ പിക്കെതിരായ സഖ്യത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ ആകാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാട് സി പി ഐ എം കൈകൊണ്ടിരിക്കുന്നു. ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.

നേരത്തെ പോളിറ്റ് ബ്യൂറോ സമവായത്തിലൂടെ തയാറാക്കിയ രേഖയില്‍ ഇത്തരത്തിലുള്ള തീരുമാനമാണ് എടുത്തിരുന്നതെങ്കിലും ബംഗാളില്‍ നിന്നുള്ള ചില അംഗങ്ങള്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം ആവശ്യമാണെന്നും എങ്കില്‍ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം , തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Leave a Reply