Pravasimalayaly

‘ഏരിയാ സെക്രട്ടറിയെ മാറ്റിയത് പാര്‍ട്ടിയിലെ മാനസ്സിക ഐക്യമില്ലായ്മ പരിഹരിക്കാന്‍’: വിശദീകരണവുമായി സിപിഎം

പയ്യന്നൂരിലെ പാര്‍ട്ടി നടപടിയില്‍ വിശദീകരണക്കുറിപ്പ് ഇറക്കി സിപിഎം. സംഘടനാ പ്രശ്നങ്ങളില്‍ സംഘടനാ മാനദണ്ഡമനുസരിച്ചുള്ള നടപടിയാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ പണാപഹരണം നടന്നിട്ടില്ല. എന്നാല്‍ വരവ്ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചു. പക്ഷേ ഇതിന്റെ മറവില്‍, വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. അത് കണക്കിലെടുത്താണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.ഐ.മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയതെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. ടി.വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്‍, കെ.പി.മധു എന്നിവരെ ശാസിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എന്നാല്‍ അത് സാമ്പത്തിക കാര്യങ്ങളിലല്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version