കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനാണ് പതാക ഉയര്‍ത്തിയത്.
പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സമ്മേളനത്തില്‍ 400 പ്രതിനിധികളായിരിക്കും പങ്കെടുക്കുക. ചെങ്കോട്ടയുടെ മാതൃകയിലാണ് സമ്മേളന നഗരിയൊരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഏകദേശം 37 വര്‍ഷത്തിന് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അഭാവത്തില്‍ നടക്കുന്ന ആദ്യ സമ്മേളനം കൂടിയാണിത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടിക്രമങ്ങളെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു.
സമ്മേളനത്തിന് സിപിഎം സജ്ജമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഭാഗീയതയും ഗ്രൂപ്പിസവുമില്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിലേക്കു പാര്‍ട്ടി എത്തിയെന്ന് കോടിയേരി അവകാശപ്പെട്ടു. സര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു.