സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും. മറൈൻഡ്രൈവിൽ തയ്യാറാക്കിയിട്ടുള്ള നഗരിയിൽ മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സമ്മേളനം. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുകയാണ് സെക്രട്ടറിയേറ്റ്-സംസ്ഥാന സമിതി യോഗങ്ങളുടെ പ്രധാന അജണ്ട.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. കൊവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ മാർച്ച് 1 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
ആദ്യ മൂന്നുനാൾ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരള സൃഷ്‌ടിക്കായുള്ള കർമപദ്ധതിയുടെ നയരേഖയും പ്രവർത്തനറിപ്പോർട്ടും അംഗീകരിക്കും. നാലാം തിയതി വൈകിട്ടാണ് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.