Pravasimalayaly

സിപിഎം ഓഫിസ് ആക്രമണം: പ്രതികൾ എബിവിപി പ്രവർത്തകർ; 6 പേരെ തിരിച്ചറിഞ്ഞു, 3 പേർ ആശുപത്രിയിൽ

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞു. സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നുപേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. വഞ്ചിയൂർ സംഘർഷത്തിൻറെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. 

എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർ ഗായത്രി ബാബുവിന് എംബിവിപിക്കാർ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരിൽ എബിവിപി സിപിഎം സംഘർഷം നടന്നത്. സംഘർഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. വഞ്ചിയൂരിലെ സംഘർഷത്തിൽ പരിക്കേറ്റവരടക്കമാണ് മേട്ടുക്കടയിൽ സിപിഎം ഓഫീസിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന എ ബി വി പി പ്രവർത്തകരാണ് പുലർച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചത്. അക്രമികൾ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. 

Exit mobile version