Pravasimalayaly

കോടിയേരി വീണ്ടും അവധിയിലേക്ക്?; സിപിഎമ്മിന്റെ അടിയന്തര നേതൃയോഗങ്ങള്‍ നാളെ മുതല്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്കുശേഷവും തിങ്കളാഴ്ചയും സംസ്ഥാന കമ്മിറ്റി യോ​ഗവും ചേരും.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. സംഘടനാ നേതൃ തലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന. ചികിത്സയില്‍ കഴിയുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കോടിയേരിയും നേതൃയോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. 

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ബില്ലും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്ലും നിയമസഭ പാസ്സാക്കിയാലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട സമീപനം യോഗത്തില്‍ ചര്‍ച്ചയായേക്കും. 

ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയായേക്കും. ഇക്കഴിഞ്ഞ എട്ടാം തീയതി മുതല്‍ 12 വരെ അഞ്ചുദിവസം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ഭരണ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. 

Exit mobile version