Pravasimalayaly

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടാൻ അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ അപേക്ഷ നൽകാൻ തീരുമാനം. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായി. പ്രതിഭാ​ഗം നൽകിയ ഹർജിയിൽ കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബൈജു പൗലോസ് കോടതിയിൽ ഹാജരായത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

Exit mobile version