Pravasimalayaly

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

കൊച്ചി: വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമന്‍ പിള്ള മറുപടി നല്‍കി. താന്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസില്‍ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തില്‍ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആരോപണത്തില്‍ തനിക്ക് ഹാജരാകാനോ വിശദീകരണം നല്‍കാനോ കഴയില്ലെന്ന് അഡ്വ. ബി രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരന്‍ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടന്‍ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

ഇതിനിടെ നടിയെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ തവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ സമര്‍പ്പിച്ചേക്കും.

Exit mobile version