Sunday, November 17, 2024
HomeNewsKeralaവധ ഗൂഢാലോചനക്കേസ്; പരിശോധനാ ഫലം ഹാജരാക്കിയില്ല; സായ് ശങ്കറിനെക്കുറിച്ചു വിവരമില്ല, ഭാര്യയെ ചോദ്യം ചെയ്യുന്നു

വധ ഗൂഢാലോചനക്കേസ്; പരിശോധനാ ഫലം ഹാജരാക്കിയില്ല; സായ് ശങ്കറിനെക്കുറിച്ചു വിവരമില്ല, ഭാര്യയെ ചോദ്യം ചെയ്യുന്നു

കൊച്ചി: വധ ഗൂഢാലോചനക്കേസിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. സായി ശങ്കറിനോട് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. നേരത്തെ സായി ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാല്‍ പത്തുദിവസത്തെ സാവകാശം വേണമെന്നുമാണ് സായ്ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ സായി ശങ്കര്‍ പരിശോധനാ ഫലം ഹാജരാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ സായ് ശങ്കറിനെക്കുറിച്ചു വിവരങ്ങളില്ലെന്നും അവര്‍ പറയുന്നു. 

കേസിലെ പ്രതിയായ ദിലീപിന്റെ മൊബൈല്‍ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിനാണ് സായ് ശങ്കറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചത്.വധഗൂഡാലോചനക്കേസില്‍ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും ഇയാള്‍ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇയാള്‍ മുങ്ങിയത്. 

സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ലാറ്റുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങള്‍ സായ്ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിര്‍ണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് നല്‍കിയ ഫോണുകളില്‍ നിന്നും മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങള്‍ സായ്ശങ്കര്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോഗിച്ച് ഐ മാക് ലാപ് ടോപ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments