മാവേലിക്കര : മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊലപാതക കേസില്‍ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അറുന്നൂറ്റിമംഗലം പുത്തന്‍വേലില്‍ ബിജു ഭവനത്തില്‍ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. ഇവര്‍ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിള എന്ന വീട്ടില്‍ മിനി രാജു എന്ന വ്യാജ പേരില്‍ താമസിക്കുകയായിരുന്നു.
1990 ഫെബ്രുവരി 21 നാണ് മറിയാമ്മയെ വീടിനുള്ളില്‍ കൊലചെയ്യപ്പട്ട നിലയില്‍ കാണ്ടെത്തിയത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് മാറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു.സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളര്‍ത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റെജി അറസ്റ്റിലായത്. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. ഇതിന്മേല്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താനായി പോലീസ് തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര എന്നിവടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും റെജിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്താതെ കഴിഞ്ഞു വന്ന റെജി കെട്ടിട നിര്‍മ്മാണതൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത് എറണാകുളം പോത്താനിക്കാട് മിനി രാജു എന്ന പേരില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലിക്ക് നില്‍ക്കുകയായിരുന്നു. റെജിയെ നാളെ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി രണ്ടില്‍ ഹാജരാക്കും.