Pravasimalayaly

കോട്ടയം ഏറ്റുമാനൂരിൽ പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് വിൽപ്പന: 4 പേർ പിടിയിൽ

കോട്ടയം

ഏറ്റുമാനൂരിന് സമീപം പാഠപുസ്തകങ്ങളുടെ മറവിൽ 62.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ നാലുപേർ എക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായി. പ്രതികൾക്ക് കഞ്ചാവ് ബാംഗ്ലൂരിൽ ഏർപ്പാടാക്കി നൽകിയ ചങ്ങനാശ്ശേരി മറ്റം അരിമ്പൂര് ആൻറ്റോസ് ജോസഫ്,ആർപ്പൂക്കര ചെമ്മനം പടി തേക്കിൻ പറമ്പിൽ വീട്ടിൽ ഷൈ മോൻ എന്ന ഷൈൻ ഷാജി,വേളൂർ കൊച്ചുപറമ്പിൽ ഫൈസൽ മോൻ,അതിരമ്പുഴ പുതുശ്ശേരിൽ സുബിൻ ബെന്നി എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

2020 മെയ് മാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം. എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ കൊണ്ടുവന്ന ലോറിയിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഏറ്റുമാനൂർ വച്ച് ലോറി പിടികൂടി. വാഹന ഉടമയായ അനന്തു, ഡ്രൈവർ അതുൽ റെജി എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ആറു പ്രതികൾ കേസിൽ അറസ്റ്റിലായി. നിലവിൽ എക്സൈസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്.നൂറുദ്ദീൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ.എസ്.ദിലീപ് കുമാർ, പ്രിവൻ്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ യദുകൃഷ്ണൻ, മിഥുൻ കുമാർ, എക്സൈസ് ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Exit mobile version