Pravasimalayaly

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു,വിമത പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തുന്നു

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലേക്കുള്ള വിമത പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മാഹിമില്‍ നിന്നുള്ള എംഎല്‍എ സദാ സര്‍വങ്കര്‍, കുല്‍ലയില്‍ നിന്നുള്ള എംഎല്‍എ മങ്കേഷ് കുദാല്‍ക്കര്‍ എന്നിവര്‍ വിമതപക്ഷത്തേക്ക് ചേക്കേറി. ഇവര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ നാല് എംഎല്‍എമാര്‍ കൂടി വിമതപക്ഷം താമസിക്കുന്ന ഗുവാഹത്തിലിയെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എത്തിയതായാണ് സൂചന. തങ്ങള്‍ക്കൊപ്പം 34 എംഎല്‍എമാരുണ്ടെന്നും, ഏക്നാഥ് ഷിന്‍ഡെയാണ് ശിവസേന നിയമസഭാ കക്ഷിനേതാവെന്നും ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് അയച്ചു. ഷിന്‍ഡെയെ നേതൃസ്ഥാനത്തു നിന്നും നീക്കിയ ഉദ്ധവ് താക്കറെയുടെ നടപടിക്ക് മറുപടിയായാണ് കത്ത്.

വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയോട് ഷിന്‍ഡെ പ്രതികരിച്ചിട്ടില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഏതെങ്കിലും ഒരു ശിവസേനാ എംഎല്‍എ നേരിട്ട് ആവശ്യപ്പെട്ടാല്‍ ആ നിമിഷം സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നുമാണ് ഉദ്ധവ് വ്യക്തമാക്കിയത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണ് ഉദ്ധവിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version