കൊവിഡ് രോഗവ്യാപനത്തിലെ ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം സമാപനത്തിലേക്ക്. സമ്മേളനം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളേയും ജില്ലാ സെക്രട്ടറി അടക്കമുള്ളവരേയും തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് സമ്മേളനവേദിയില്‍ അവശേഷിക്കുന്നത്. ഇത്തവണയും ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തുടരുമെന്നാണ് പ്രതീക്ഷ. ഏരിയ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഔദ്യോഗിക വിഭാഗത്തിനെതിരായി തെരഞ്ഞെടുപ്പുകള്‍ നടക്കാതിരുന്നതിനാല്‍ ജില്ലാ സമ്മേളനത്തിലും ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയിലാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലീസിന് മൂക്ക് കയറിടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിനിധികള്‍. പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി ബ്രാഞ്ച് തലം മുതല്‍ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നു വന്നിരുന്നു. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ കൃത്യ സമയത്ത് ഇടപെടാതിരുന്നതില്‍ പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു. ബിജെപിയുടെ വളര്‍ച്ചയെ തടയുന്നതിനായി എന്തുചെയ്തുവെന്ന ചോദ്യവും സമ്മേളനത്തിനിടെ ഉയര്‍ന്നുവന്നിരുന്നു.