യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളർ എന്ന നിലയിൽ എണ്ണ വില ഉയർന്നിരുന്നു. 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2008ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഈ നിലയിലെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന.
പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം ഈ ആഴ്ച പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണ കമ്പനികള്‍ക്കു നഷ്ടം ഒഴിവാക്കാന്‍ ഈ നിരക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണ കമ്പനികളുടെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് ആണ്. ഇതിനു പിന്നാലെ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികള്‍.