കോന്നി
നിയമം മൂലം ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന വ്യവസ്‌ഥ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ പോലും പല ക്ഷേത്രങ്ങളിലും പട്ടികജാതി വിഭാഗങ്ങൾക്ക് പ്രവേശിക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്.കോന്നി കലഞ്ഞൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത് കുട്ടികളെ ക്ഷേത്രം ശാന്തിയും ജീവനക്കാരനും മർദ്ധിയ്ക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് സി എസ് ഡി എസ് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് കേസിന് ആധാരമായ സംഭവം ഉണ്ടാവുന്നത്. പായസം കുടിയ്ക്കുവാനായി ക്ഷേത്രത്തിൽ എത്തിയ കുട്ടികളെ ക്ഷേത്രം ജീവനക്കാരൻ മണിക്കുട്ടൻ ക്രൂരമായി ആക്രമിയ്ക്കുകയും സംഭവം തിരക്കാൻ എത്തിയ കുട്ടികളുടെ പിതാവിനെ ക്ഷേത്രം ശാന്തി ബിജു ജാതിപരമായി അധിക്ഷേപിയ്ക്കുകയും ക്ഷേത്രത്തിൽ പ്രവേശന വിലക്ക് നൽകുകയുമായിരുന്നു. കുട്ടികളും മാതാപിതാക്കളും പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി സി എസ് ഡി എസ് രംഗത്ത് എത്തിയത്.
കലഞ്ഞൂരിൽ നടന്ന പ്രതിഷേധ യോഗത്തിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു.സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി അംഗം എം സി ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. യുവജനവിഭാഗം സംസ്‌ഥാന പ്രസിഡന്റ് ടി എ കിഷോർ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ രാജു കെ ജോസഫ്, തോമസ്കുട്ടി തിരുവല്ല, സിബി മാഞ്ഞൂർ, വിനു ബേബി, പി സി രാജു, ആഷ്‌ലി ബാബു, സാബു വെച്ചൂച്ചിറ, തുടങ്ങിയവർ പ്രസംഗിച്ചു.