ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി സി എസ് ഡി എസ് ഉപവാസ സമരം ഫെബ്രുവരി 15 ന്
കേരളത്തിൽ 30 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ ഫെബ്രുവരി 15 തിങ്കൾ രാവിലെ 8 മുതൽ സംസ്‌ഥാന വ്യാപകമായി കലക്ടറേറ്റ് പടിക്കൽ 12 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സാമൂഹ്യമായും സാമ്പത്തികമായും ജാതീയപരമായും പിന്നോക്കാവസ്‌ഥയും വിവേചനവും നേരിടുന്ന വിഭാഗമാണ് ദലിത് ക്രൈസ്തവർ. കേരളത്തിൽ 30 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ തൊഴിൽ മേഖലയിലും അധികാര മേഖലയിലും മതിയായ പരിഗണന ലഭിയ്ക്കുന്നില്ല. സഭാ സ്‌ഥാപനങ്ങളിലും ദലിത് ക്രൈസ്തവർ അവഗണിക്കപ്പെടുന്നു. മുന്നോക്ക സംവരണ നിയമത്തിൽ ഉൾപ്പെടുത്തി സവർണ്ണ വിഭാഗങ്ങൾക്കും സംവരണം അനുവദിച്ചപ്പോളും അർഹത ഉണ്ടായിട്ടും കാലാകാലങ്ങളായി സംവരണത്തിൽ നിന്നും ദലിത് ക്രൈസ്തവരെ മാറ്റി നിർത്തുന്നത് കടുത്ത അനീതിയാണ്. – സി എസ് ഡി എസ് നേതാക്കൾ പറഞ്ഞു.
വിവിധ കളക്ടറേറ്റുകൾക്ക് മുൻപിൽ നടക്കുന്ന ഉപവാസ സമരത്തിന് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ചിത്ര വിശ്വൻ, രജിസ്ട്രാർ വി ഡി ജോസഫ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, സണ്ണി ഉരപ്പാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും