കോട്ടയം :
എം ജി യൂണിവേഴ്സിറ്റിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ജാതി വിവേചനവും അയിത്തവും യൂണിവേഴ്സിറ്റിയുടെ പേര് കളങ്കപ്പെടുത്തിയെന്നും ദീപ നടത്തുന്ന സമരം സി എസ് ഡി എസ് ഏറ്റെടുക്കുമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്. എം ജി യൂണിവേഴ്സിറ്റിയിൽ നിരാഹാര സമരം നയിക്കുന്ന ദീപ പി മോഹനന് ഐക്യദാർഢ്യം അറിയിച്ച് സി എസ് ഡി എസ് വനിതാ നേതാക്കൾ നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന വിദ്യാർത്ഥി സംഘടനകളും ഈ സമരം കണ്ടില്ലെന്ന് നടിച്ചത് അവരുടെ പൊയ്‌മുഖം തുറന്ന് കാട്ടിയെന്നും കേരളത്തിലെ ദളിത് സമൂഹം ഒറ്റക്കെട്ടായി സമരം ഏറ്റെടുത്തുവെന്നും കെ കെ സുരേഷ് പറഞ്ഞു.
കോട്ടയം അതിരമ്പുഴയിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് സി എസ് ഡി എസ് വനിതാ നേതാക്കൾ പങ്കെടുത്തു.
സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ്, സെക്രട്ടറി ലീലാമ്മ ബെന്നി, പ്രസന്ന ആറാണി, ചിന്നമ്മ ആന്റണി, ആഷ്‌ലി ബാബു തുടങ്ങിയവർ സംസാരിച്ചു.
CSDS ചെസാം യുവജന വനിതാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്