Pravasimalayaly

ബാർബർ ഷോപ്പിലെ ജാതിവിവേചനം : മൂന്നാർ വട്ടവടയിൽ മുടി മുറിച്ച് CSDS പ്രതിഷേധം

ആധുനിക കേരളത്തിന്റെ ജാതി മുഖം വ്യക്തമാക്കി മൂന്നാർ വട്ടവടയിൽ ദലിത് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ചക്കളിയാർ സമുദായത്തിനെ കാലങ്ങളായി ബാർബർഷോപ്പിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെ വേറിട്ട സമരമുഖം തുടർന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ). വട്ടവടയിൽ പ്രതിഷേധ റാലിയ്ക്കും ധർണ്ണയ്ക്കും ശേഷം ജാത്യാചാരം മൂലം മാറ്റി നിർത്തിയ ഇടത്ത് തന്നെ ദലിത് സമുദായ അംഗത്തിന്റെ മുടി മുറിച്ചാണ് CSDS നേതൃത്വം പ്രതിഷേധിച്ചത്.

CSDS സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌ ഷാജി ഡേവിഡ്, ട്രഷറർ ഷാജി മാത്യു, ദേവികുളം താലൂക്ക് പ്രസിഡന്റ്‌ സണ്ണി മാത്യു, സെക്രട്ടറി ജോൺസൻ കൊശപ്പള്ളി എന്നിവർ വട്ടവടയിൽ

പ്രതിഷേധ ധർണ്ണയിൽ സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ ഷാജി ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

വട്ടവടയിൽ കണ്ടത് ജാതി കേരളത്തിന്റെ വികൃത മുഖമാണ്. ബാർബർമാർ ഈ സമുദായത്തിന്റെ മുടി മുറിയ്ക്കുവാൻ വിസമ്മതിച്ചപ്പോൾ ദലിതർക്ക് മാത്രമായൊരു ബാർബർഷോപ്പ് നിർമ്മിയ്ക്കുവാനുള്ള പഞ്ചായത്തിന്റെ നടപടി ജാതിയെ വീണ്ടും ഊട്ടിയുറപ്പിക്കും. മുടി വെട്ടാൻ വിസമ്മതിച്ച അതെ ബാർബർ ഷോപ്പിൽ ആയിരുന്നു ഇവർക്ക് പ്രവേശിക്കുവാൻ അനുമതി ഒരുക്കേണ്ടിയിരുന്നതെന്നും ബാർബർമാർക്കെതിരെ SC/ST അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ആവശ്യപ്പെട്ടു

വട്ടവടയിൽ ദലിതർ തിങ്ങിപ്പാർക്കുന്ന ഇടം

വർഗ്ഗീയത തുലയട്ടെ എന്ന് കേരളം മുഴുവൻ പ്രചരിപ്പിച്ച അഭിമന്യുവിന്റെ നാട്ടിൽ തന്നെ വർഗീയത വിളയാടുന്ന സാഹചര്യം നാം കാണുകയാണെന്നും ഇനിയൊരു വട്ടവട ഉണ്ടാകുവാൻ പാടില്ലെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ പറഞ്ഞു. വട്ടവടയിലെ ജീവിത സാഹചര്യങ്ങൾ അതിദാരുണമാണെന്നും കേരള സർക്കാർ കണ്ണ് തുറക്കണമെന്നും ട്രഷറർ ഷാജി മാത്യു ആവശ്യപ്പെട്ടു.

പ്രതിഷേധയോഗത്തിൽ ദേവികുളം താലൂക്ക് പ്രസിഡന്റ്‌ സണ്ണി മാത്യു, സെക്രട്ടറി ജോൺസൻ കൊശപ്പള്ളി, കോട്ടയം താലൂക്ക് പ്രസിഡന്റ്‌ കെ കെ ബിജു എന്നിവർ പ്രസംഗിച്ചു

Exit mobile version