Pravasimalayaly

സി എസ് ഡി എസ് മഹാത്മാ അയ്യൻകാളി ജന്മദിന ആഘോഷം സംസ്‌ഥാന വ്യാപകമായി ആഘോഷിയ്ക്കുന്നു

സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 158 ആം ജന്മദിനം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് 25 മുതൽ 28 വരെ സംസ്‌ഥാന വ്യാപകമായി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ പ്രഭാഷണ പരമ്പര, പുഷ്‌പ്പാർച്ചന, മധുര വിതരണം, ജന്മദിന സമ്മേളനം, എന്നിവയോടുകൂടി സമുചിതമായി ആഘോഷിയ്ക്കും

മഹാത്മാ അയ്യൻകാളി ജീവിതവും ദർശനവും എന്ന വിഷയത്തെ ആസ്‌പദമാക്കി ആഗസ്റ്റ് 25 ന് ആരംഭിയ്ക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ അയ്യൻകാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ എ സനൽ കുമാർ, കാലിക്കറ്റ് സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ ഡോ കെ എസ് മാധവൻ, സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് എന്നിവർ പങ്കെടുക്കും.

28 ന് രാവിലെ 8:00 മണിയ്ക്ക് സംസ്‌ഥാന വ്യാപകമായി സി എസ് ഡി എസ് കുടുംബയോഗം കേന്ദ്രങ്ങളിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് പുഷ്‌പ്പാർച്ചന, മധുര വിതരണം എന്നിവ സംഘടിപ്പിയ്ക്കും.

സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 8:00 മണിയ്ക്ക് കോട്ടയം തിരുനക്കര മൈതാനത്തിന് മുൻപിൽ പുഷ്‌പ്പാർച്ചനയും മധുര വിതരണവും നടത്തും. 10 മണിയ്ക്ക് കോമർഷ്യൽ ബാങ്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കുന്ന ജന്മദിന സമ്മേളനം സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷത വഹിക്കും.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌കാരം നേടിയ കെ കെ കൊച്ചിനെ ആദരിയ്ക്കും.

സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ചിത്ര വിശ്വൻ, ട്രഷറർ ഷാജി മാത്യു, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, സണ്ണി ഉരപ്പാങ്കൽ, സി എം ചാക്കോ, കെ സി പ്രസാദ്, കെ കെ കുട്ടപ്പൻ, പ്രസന്ന ആറാണി, ചിന്നമ്മ ആന്റണി, ടി എ കിഷോർ, പി പി ജോസഫ്, ആഷ്‌ലി ബാബു തുടങ്ങിയവർ പ്രസംഗിക്കും

Exit mobile version