Pravasimalayaly

കസ്റ്റഡി പീഡനം തടയാന്‍ പൊലിസ് സ്‌റ്റേഷനുകള്‍ ഇനി നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍തിരുവനന്തപുരം: പൊലിസ് സ്‌റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനവും കസ്റ്റഡി പീഡനവും തടയാന്‍ നടപടിയുമായി സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ പൊലിസ്് സ്‌റ്റേഷനുകളിലും സി.സി.ടി.വി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി ഉത്തരവിറക്കി. ഒരു പൊലിസ് സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളും സി.സി.ടി.വി പരിധിയില്‍ കൊണ്ടുവരും. സ്റ്റേഷനിലെ എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍, മെയിന്‍ ഗേറ്റ്, ലോക്കപ്പുകള്‍, ഇടനാഴികള്‍, ഓഫിസര്‍മാരുടെ മുറികള്‍ തുടങ്ങിയവയില്‍ ക്യാമറകള്‍ സ്ഥാപിക്കണം. അതായത് ശുചി മുറി ഒഴികെ പൊലിസ് സ്റ്റേഷന്റെ മറ്റെല്ലാ ഭാഗങ്ങളും സി.സി.ടി.വി നിരീക്ഷണത്തിലാകും. നിലവില്‍ ചില പൊലിസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നന്ന പരാതിയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തന നില വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.എച്ച്.ഒമാര്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിനും ഡി.ജി.പി നിര്‍ദേശം നല്‍കി. ക്യാമറ, നെറ്റ്‌വര്‍ക്കിങ് സിസ്റ്റങ്ങളില്‍ ഡാറ്റാ ബാക്കപ്പ് പരിഹരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.സി.സി.ടി.വി സംവിധാനത്തില്‍ നൈറ്റ് വിഷന്‍, ഓഡിയോ റെക്കോര്‍ഡിങ് എന്നിവ ഉണ്ടായിരിക്കും. ഇത് കസ്റ്റഡിയിലെടുത്തവരുടെ അവകാശങ്ങളില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മനുഷ്യാവകാശ കമ്മിഷനോ സഹായിക്കും. വൈദ്യുതി കുറവുള്ള പ്രദേശങ്ങളില്‍, ബദല്‍ മാര്‍ഗങ്ങള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. സി.സി.ടി.വി ഫൂട്ടേജ് കുറഞ്ഞത് 18 മാസത്തേക്കെങ്കിലും സൂക്ഷിക്കണം. മാര്‍ക്കറ്റില്‍ ലഭ്യമായ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ക്ക് ആ ശേഷിയില്ലെങ്കില്‍, ഒരു വര്‍ഷം വരെ നീളുന്ന ഫൂട്ടേജുകള്‍ സംഭരിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version