Saturday, November 23, 2024
HomeLatest Newsസി.വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

സി.വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. 2019 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു.
മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന് ശേഷം മണിപ്പുര്‍ ഗവര്‍ണര്‍ എല്‍. ഗണേശന്‍ പശ്ചിമബംഗാളിന്റെ ഗവര്‍ണറായി അധികചുമതല വഹിച്ചുവരികയായിരുന്നു. ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്ന 20ാമത്തെ മലയാളിയും നരേന്ദ്ര മോദി ഭരണകാലത്ത് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയുമാണ് സി.വി ആനന്ദബോസ്. പി.എസ്. ശ്രീധരന്‍ പിള്ള ഇപ്പോള്‍ ഗോവ ഗവര്‍ണറാണ്. കുമ്മനം രാജശേഖരന്‍ നേരത്തെ മിസോറാം ഗവര്‍ണറായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments