Pravasimalayaly

ഫുട്ബോൾ ഇതിഹാസം സി വി പാപ്പച്ചൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി

തൊണ്ണൂറുകളിൽ കേരളാപോലീസ് എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്ന പേര് സി.വി പാപ്പച്ചൻ എന്നതായിരുന്നു .ഒരു കാലത്ത് കേരളാപോലീസ് എന്നാൽ സി.വി പാപ്പച്ചനും ,പാപ്പച്ചൻ എന്നാൽ കേരളപൊലീസും ആയിരുന്നു.ആ കാലത്ത് പോലീസ് ടീമിന്റെയും കേരള ടീമിന്റെയും മെസ്സിയായിരുന്നു പാപ്പച്ചൻ.കൊൽക്കത്തയിലെ വമ്പൻ ഓഫറുകളോട് മുഖം തിരിച്ച് കേരളത്തെയും കേരളപൊലീസിനെയും സ്നേഹിച്ച തൃശ്ശൂര്കാരൻ .1990 ലെ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ ഫുട്‌ബോളിലെ കരുത്തരയിരുന്ന സൽഗോകർ ഗോവയെ ഫൈനലിൽ രണ്ടേ ഒന്നിന് കേരളപൊലീസ് അടിയറവ് പറയിപിക്കുമ്പോൾ രണ്ട് ഗോളും നേടിയത് പാപ്പച്ചൻ ആയിരുന്നു.91 ൽ മഹീന്ദ്ര &മഹിന്ദ്രയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കേരളാപോലീസ് കിരീടം നിലനിർത്തിയതും പാപ്പച്ചന്റെ മികവിൽ ആയിരുന്നു.

ഇന്ത്യയിലെ മറ്റ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്കൾക്ക് അന്ന് അതൊരത്ഭുതം ആയിരുന്നു.1973ൽ സന്തോഷ് ട്രോപ്പി ജേതാക്കൾ ആയ കേരളം പിന്നെ ഒരു ഫൈനൽ ബർത് നേടാൻ 1987 വരെ കാത്തി രിക്കേണ്ടിവന്നു .പിന്നീട് തുടർച്ചയായി നാലുവര്ഷവും ഫൈനലിൽ തോൽക്കാൻ ആയിരുന്നു വിധി.1992 ഇൽ കേരളം ഗോവയെ 3-0ത്തിന് തോല്പിച്ചു ചരിത്രവിജയം നേടിയപ്പോഴും പ്ലേമേക്കേർ പാപ്പച്ചൻ ആയിരുന്നു.93ലും പാപ്പച്ചന്റെ മികവിൽ സന്തോഷ്‌ട്രോപി കേരളത്തിൽ എത്തി .1994 ലെ സന്തോഷ് ട്രോപിയിൽ ഐ. എം വിജയനും ജോപോൾ അഞ്ചേരിയും അടങ്ങിയ കരുത്തരായ ബംഗാൾ ആദ്യ പകുതിയിൽ 2-0ത്തിന് മുന്നിൽ ,സന്തോഷ് ട്രോപ്പിയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ആ ഫൈനലിൽ കളി അവസാനിക്കുമ്പോൾ പാപ്പച്ചൻ പൊരുതിനേടിയ ഗോളുകളോടെ സ്കോർ കേരളം-2ബംഗാൾ-2.ഒടുവിൽ സഡൻ ഡത്തിത്തിൽ കേരളം അടിയറവ് പറഞ്ഞെങ്കിലും പാപ്പച്ചന്റെ പോരാട്ട വീര്യം ഇന്നും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

1991 ലെ നെഹ്റു കപ്പ്…. തിരുവനന്തപുരത് ഇന്ത്യ ഹംഗറിയെ നേരിടുന്നു ,അന്നത്തെ സൂപ്പർ താരങ്ങൾ എല്ലാം ആദ്യ ഇലവനിൽ മൈതാനത്ത് ഇറങ്ങിയിരുന്നു .. ബികസ് പാഞ്ചി, ബ്രൂണോ കുടിനോ ,ഐ. എം. വിജയൻ ,ഇല്യാസ് പാഷ,സ്വരൂപ് ദാസ്,തരുണ് ഡേ ,കെ.ടി. ചാക്കോ,യു. ഷറഫലി,സത്യജിത് ചാറ്റർജി. ..പക്ഷെ തങ്ങളുടെ പ്രിയ താരത്തെ മൈതാനത്ത് ഇറക്കാതെ സൈഡ് ബെഞ്ചിൽ ഇരുത്തിയത് കാണികളെ അക്ഷമരാക്കി,അവർ പ്ലാക്കർഡ് ഉയർത്തിയും ..വി വാണ്ട് പാപ്പച്ചൻ …എന്ന് അലറിവിളിച്ചും പ്രതിഷേധിക്കാൻ തുടങ്ങി.ഒടുവിൽ ചെക്കോസ്ലോവാക്യകാരൻ ആയ കോച്ച് Josef Gelei ആദ്യപകുതിയ്ക്ക് മുൻപ് തന്നെ പാപ്പച്ചനെ പകരക്കാരൻ ആയി മൈതാനത്ത് ഇറക്കി.നിമിഷങ്ങൾക്കുള്ളിൽ പിറന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ സുവർണ നിമിഷം.ഹംഗറി യുടെ എല്ലാ പ്രതിരോധ ഭടന്മാരെയും ഗോൾകീപ്പറേയും കബളിപ്പിച്ച് കാണികളെ ത്രസിപ്പിച്ച് പന്ത്‌ ഹംഗറിയുടെ വലയിൽ…ഒരു നിമിഷം നിശബ്ദമായ സ്റ്റേഡിയം കടലിരമ്പം പോലെ ആർത്തു…പാപ്പച്ചൻ ….പാപ്പച്ചൻ.രാജ്യത്തിനായി നിരവധി തവണ കുപ്പായമണിയുകയും ഇന്ത്യൻ ടീമിനെ നയിക്കുകയും ചെയ്ത പാപ്പച്ചന് അർഹതപ്പെട്ട അർജുനഅവാർഡ് ലഭിച്ചില്ലെങ്കിലും അര്ഹതയുടെ അംഗികാരം പോലെ 2020 ഇൽ രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു.നീണ്ട 36 വർഷത്തെ പോലീസ് ജീവി തത്തിനുശേഷം ,തൃശൂർപോലീസ് അക്കാദമി കമാൻഡൻറ് ആയി സേവനം അനുഷ്ടിക്കവേ മേയ് 31 ന് സി.വി. പാപ്പച്ചൻ സർ പോലീസ് കുപ്പായത്തിൽ നിന്നും വിശ്രമജീവിതത്തിലേക്ക് മാറുകയാണ് .അതെ ഇന്ത്യൻ ഫുട്ബാളിന് കേരളപൊലീസ് സമ്മാനിച്ച താരം ….കേരളപൊലീസിനെ മലയാളികളുടെ മനസ്സിൽ കുടിയിരുത്തിയ പോലീസുകാരൻ …..സി. വി പാപ്പച്ചൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു …..ഹൃദയത്തിൽ തൊട്ട് നന്ദി ….ആശംസകൾ

ജന്മനാടായ പറപ്പൂരിലെ പള്ളിക്ക് മുന്നിലെ എൽ.പി. സ്കൂൾ ഗ്രൗണ്ടിൽനിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി അണിഞ്ഞാണ് ഫുട്ബോൾ രംഗത്തേക്ക് വന്നത്. തുടർന്ന് പ്രീമിയർ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളിൽ കളിച്ചു.

1985-ലാണ് എ.എസ്.ഐ. തസ്തികയിൽ പോലീസിൽ ചേർന്നത്. 1998 വരെ അദ്ദേഹം പോലീസിന്റെ ഫുട്ബോൾ ടീമിൽ മാത്രമായിരുന്നു പൂർണ സമയവും. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളിൽ എത്തിയത്.

രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വമ്പൻ ഓഫറുകൾ ഉണ്ടായെങ്കിലും കേരള പോലീസ് വിട്ട് അദ്ദേഹം പോയില്ല. കേരള പോലീസിനും കേരള ഫുട്ബോളിനും പാപ്പച്ചൻ നൽകിയ സംഭാവനയേറെയാണ്. 1990-ൽ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ സൽഗോക്കറിനെ അട്ടിമറിച്ച് കേരള പോലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടത് പാപ്പച്ചൻ അടിച്ച നിർണായക ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് പോലീസ് അന്ന് കിരീടം ചൂടിയത്.

സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി.പി. സത്യൻ, ഐ.എം. വിജയൻ, യു. ഷറഫലി, തോബിയാസ്, കെ.ടി. ചാക്കോ തുടങ്ങി നിരവധി കളിക്കാർ സഹതാരങ്ങളായിരുന്നു. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്ക്കെതിരേ ക്യാപ്റ്റനായിരുന്നു. നെഹ്രു ട്രോഫി ഫുട്ബോളിൽ ഹംഗറിക്കെതിരേ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നുംഗോളുകളിൽ ഒന്നായിരുന്നു.

2020-ൽ പാപ്പച്ചന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. രാമവർമപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ബീനയാണ് ഭാര്യ. മകൾ പിങ്കി

കായിക കേരളത്തിന് ഇനിയും ഒട്ടേറെ സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് റിട്ടയർമെൻ്റിന് ശേഷവും സാധിക്കും.
കേരളത്തിൻ്റെ , മലയാളികളുടെ പ്രിയപ്പെട്ട സി.വി.പാപ്പച്ചന് ആശംസകൾ നേർന്നു.

Exit mobile version