Pravasimalayaly

കര്‍ണാടകയ്ക്ക് മുകളിലും ചക്രവാത ചുഴി; ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിക്ക് പുറമേ മധ്യ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും മഴഭീഷണി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പ് ഇല്ല.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 6 ഷട്ടറുകള്‍ തുറന്നു. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Exit mobile version